• 157 Views
  • 1 Min Read
  • (0) Comment

ക്രിസ്തുമസിന് മൂന്ന്  ദിവസം മുന്നേയുള്ള വെള്ളിയാഴ്ച ദിവസം. അടുത്ത് അടുത്ത് അവധി ദിവസങ്ങളായതുകൊണ്ടു എവിടെ യാത്ര പോകും എന്ന് ആലോച്ചിരിക്കുകയായിരുന്നു ഞാന്‍.

അങ്ങനെ കുറെ സ്ഥലങ്ങൾ നെറ്റിൽ നോക്കി, മൂന്നാർ, തേക്കടി, ചിന്നാർ, പാമ്പാടും ഷോല… സ്ഥലങ്ങളുടെ ലിസ്റ്റ് പിന്നെയും നീണ്ടു പൊയ്ക്കൊണ്ടിരുന്നു. 

അങ്ങനെ ഇരിക്കുമ്പോഴാണ് കൊളുക്കുമലയെ പറ്റി ഓർമ വന്നത്. TRAVELMEOUT il ഒരു ആർട്ടിക്കിൾ എഴുതാൻ വേണ്ടി കുറച്ചു നാൾ മുന്നേ കൊളുക്കുമലയെ പറ്റി  അത്യാവശ്യം എല്ലാ വിവരങ്ങളും അനേഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. എന്നാ പിന്നെ ഈ ആഴ്ച കൊളുക്കുമലയിൽ പോകാം എന്ന് വിചാരിച്ചു നേരെ ജോണി ചേട്ടനെ വിളിച്ചു. ജോണി ചേട്ടനാണ് കൊളുക്കുമലൈ ടി എസ്റ്റേറ്റിന്‍റെ മാനേജര്‍. ആൾ അവധിയിലായതുകൊണ്ട് പകരം വേറെയൊരാളുടെ നമ്പർ എനിക്ക് തന്നു, അസ്‌കർ.

സോളോ ആണ്. ഒരു ദിവസത്തേയ്ക്ക് ക്യാമ്പിംഗിനു ആണ് ഉദ്ദേശം? അസ്‌കർ ഭായിയെ വിളിച്ചു കാര്യം അങ്ങ് അവതരിപ്പിച്ചു. ഒരാൾ അല്ലെ, സ്ഥലം ഉണ്ട് എന്ന് പുള്ളി. എന്നാ ഞാന്‍ റെഡി എന്ന്  പറഞ്ഞു കൊളുക്കുമല യാത്ര അങ്ങ് ഉറപ്പിച്ചു.

Kolukkumala & Kolukkumala Tea Estate

Kolukkumalai Sun Rise View Point
Kolukkumala Sunrise View

മലയാളത്തിൽ കൊളുക്കുമല എന്നും തമിഴിൽ കൊളുക്കുമലൈ എന്നും അറിയപ്പെടുന്ന സ്ഥലം. മൂന്നാറിന്റെ അങ്ങേ കോണിൽ കേരള അതിർത്തിക്ക് അപ്പുറത്തു തേനി ജില്ലയിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 7,130 അടി ഉയരത്തിലാണ് ഈ പർവത ശ്രേഷഠന്റെ സ്ഥാനം.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം ഇവിടെയാണുള്ളത്. പരമ്പരാഗതമായ രീതിയിൽ തയാറാക്കുന്ന തേയില കൊളുക്കുമലയുടെ മാത്രം സവിശേഷതയാണ്. കൊളോണിയൽ കാലഘട്ടത്തിൽ, ഏതാണ്ട് 1930 ആണ്ടിൽ നിർമിച്ച എസ്റ്റേറ്റ് തേയില ഫാക്ടറി ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ട്.

കൊളുക്കുമലൈയ്ക്കു ഏറ്റവും അടുത്ത് കിടക്കുന്ന പട്ടണം സൂര്യനെല്ലിയാണ്. സൂര്യനെല്ലിയിൽ നിന്നു 12 കിലോമീറ്റർ ജീപ്പ് യാത്ര ചെയ്തു വേണം കൊളുക്കുമലയിൽ എത്താൻ. ഏകദേശം ഒന്നര മണിക്കൂർ സമയം എടുക്കും ഇത്രെയും ദൂരം സഞ്ചരിക്കാൻ.

ഓഫ് റോഡ് എന്ന് പറഞ്ഞാൽ ഇതാണ് ഓഫ് റോഡ്, നടുവിന്റെ പരിപ്പ് ഇളകാൻ ഇതിലും നല്ല യാത്ര സ്വപനങ്ങളിൽ മാത്രം എന്നു പറയാം. 12 കിലോമീറ്ററിൽ ഏതാണ്ട് 8 കിലോമീറ്റർ മാത്രമാണ് ശരിക്കും ഓഫ് റോഡ് എന്ന വിശേഷണം അർഹിക്കുന്നത്. ബാക്കിയുള്ളത്തിൽ കുറച്ചു ഭാഗം ടാർ ചെയ്തതും, പിന്നെ കുറച്ചു ഭാഗം ടാർ പൊട്ടിപൊളിഞ്ഞതും ആണ്.

മുന്നാര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരികേണ്ട സ്ഥലങ്ങളിലൊന്നാണ് കൊളുക്കുമല എന്ന് നിസംശയം പറയാം.

1. The Start:

ശനി Dec 23  :

കൊളുക്കുമലയല്ലാതെ വേറെ ഒരു സ്ഥലവും കാണാൻ പ്ലാൻ ചെയ്തിട്ടില്ലാത്തതു കൊണ്ട്, രാവിലെ 7 മണിയായപ്പോഴാണ് എഴുന്നേറ്റത്.  ബൈക്കിൽ ബാഗും ട്രൈപോഡും കെട്ടി വെച്ച്  ഇറങ്ങിയപ്പോള്‍ സമയം ഏതാണ്ട് 8 മണിയോട് അടുത്തിരുന്നു.

രണ്ടുവഴിയാണ് കൊളുക്കുമലയിലെയ്ക്കുള്ളത്. ഒന്ന് സൂര്യനെല്ലി വഴി, പിന്നെയുള്ളത് തമിഴ്‌നാട്ടിൽ തേനിയിൽ നിന്ന് കുരങ്ണി ഹിൽസ് വഴി. സൂര്യനെല്ലിയിൽ നിന്നുള്ള വഴിയില്‍ കൂടെ  മാത്രമേ വണ്ടിയിൽ കൊളുക്കുമലയിൽ എത്താൻ പറ്റുകയുള്ളു. തമിഴ്‌നാട്ടിൽ നിന്നുള്ളതു ട്രെക്ക് റൂട്ടാണ്.

സമയം കടന്നുപോയ്കൊണ്ടിരുന്നു. അങ്ങനെ അധികം താമസിക്കാതെ ബ്രഹ്മപുരം -> കരിമുകൾ -> പുത്തൻ കുരിശ് -> മുവാറ്റുപുഴ -> കോതമംഗലം വഴി അടിമാലി വരെ ഞാൻ എത്തി.

അടിമാലിയിൽ നിന്ന് ആനച്ചാൽ  വരെ  വഴിയറിയാമായിരുന്നു. അവിടെന്നു പിന്നീടുള്ള എന്റെ യാത്ര ‘സാഗർ കോട്ടപുറ’ത്തിന്റെ നമ്മുക്ക് ചോയിച്ചു ചോയിച്ചു പോകാം എന്ന വാക്കുകളെ ഓർമിച്ചായിരുന്നു.

ആനച്ചാൽ -> ബിസോൺ വാലി -> മുട്ടുകാട് -> ചിന്നക്കനാൽ വഴി സൂര്യനെല്ലി.

മുന്നാറില്‍ ചെന്നിട്ടു സുര്യനെല്ലിയ്ക്ക് പോകുന്നതിനെകാളും എളുപ്പം  ഈ റുട്ടാണെന്നാണ് ഗൂഗിള്‍ അമ്മായി പറഞ്ഞത്.  ഇടേയ്‌ക്ക്‌ എപോഴോ  നൈസായിട്ട് കുറെ വഴി തെറ്റുകയും ചെയ്തു .

ഫോട്ടോ/ വീഡിയോ എടുക്കാനും മറ്റുമായിട്ടു ഇടേയ്‌ക്കിടയ്ക്കു നിർത്തി നിർത്തിയാണ് എന്റെ യാത്ര. അങ്ങനെ രാവിലെ 8 മണിയ്ക്ക് ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ഞാൻ സൂര്യനെല്ലിയിൽ എത്തിയപ്പോ സമയം 2.00 കഴിഞ്ഞിരുന്നു.

2. The Gate:

Harisson Malayalam Entry Gate -Kolukkumalai
The ‘security cabin’ near the Harisson Malayalam Gate

സൂര്യനെല്ലി ടൗൺ കഴിഞ്ഞു അൽപദൂരം മുന്നോട്ടു സഞ്ചരിച്ചാൽ, ഹാരിസൺ മലയാളം ടീ എസ്റ്റേറ്റിന്റെ ഗേറ്റ് കാണാം. ഞാൻ വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് അസ്‌കർ ഭായിയെ വിളിച്ചു, എസ്റ്റേറ്റ് ഗെയ്റ്റിങ്കൽ എത്തിയെന്നു പറഞ്ഞു.

അവിടെ നിന്ന് കൊളുക്കുമലയിലേയ്ക്ക് എങ്ങനെ പോകണം എന്ന് പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ലായിരുന്നു അവിടെ എത്തും വരെ. റൈഡ് ഷെയറിംഗ് കിട്ടുവാണേൽ ജീപ്പിനു പോകാൻ എന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത് ഇല്ലെങ്കിൽ  നടക്കാം എന്നും. 

പക്ഷെ അവസാനം ബൈക്കിന് തന്നെ പോകാൻ തീരുമാനിച്ചു. ടീ എസ്റ്റേറ്റ് മാനേജറെ പരിചയമുണ്ട് എന്ന കാരണം കൊണ്ട് ബൈക്കിന് പോകാന്‍  സെക്യൂരിറ്റി ചേട്ടൻ അനുവാദം തന്നു.

3. The Road:

Kolukkumalai Tea Estate road
The Road to Kolukkumala, near the start point

പ്രൈവറ്റ് ടി എസ്റ്റേറ്റുകളും ലയങ്ങളും കടന്നു കൊളുക്കുമലയിലേയ്ക്ക് യാത്ര ശരിക്കും അവിടെയാണ് ആരംഭിക്കുന്നത്. ആദ്യത്തെ 2 -3 കിലോമീറ്റർ ദൂരത്തിൽ കുറച്ചു ഭാഗം ടാർ ചെയ്തതും ബാക്കി കുറച്ചു ഭാഗം ടാർ പൊട്ടിപൊളിഞ്ഞ നിലയിലുമാണ് ഉള്ളത് . അതുകഴിഞ്ഞു പിന്നീടങ്ങോട്ടു പക്കാ ഓഫ് റോഡാണ്. നിറയെ കല്ലുകളും കുഴികളും നിറഞ്ഞ വളരെ വളരെ ദുർഘടമായ പാത.

4. The Off Road:

Kolukkumalai-Tea-Estate-off-road
The road to Kolukkumala, somewhere in the middle

എന്തെ ബൈക്കിന് പോകുന്നത് എന്ന് ചോദിച്ചാൽ,  എന്താ ഇപ്പൊ പറയേണ്ടേ.?

ഓഫ് റോഡിങ് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. രണ്ടു മൂന്ന് മാസം മുന്നേ മദാമ്മ കുളം (Madhammakulam, Idukki) പോയതും പാൽകുളമേട് (palkulamedu) പോയതും ഓഫ് റോഡിങ് ആയിരുന്നു.

ഇടേയ്‌ക്ക്‌ ചിലപോഴൊക്കെ ഓഫ് ആയി പോയെങ്കിലും, പടകുതിരയുടെ വീറോടെ Yamaha FZ-S മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. എങ്ങും പച്ചപ്പ്‌, നിശബ്ദത, കൂട്ടിനു ചെറു കാറ്റും കോട മഞ്ഞും, പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള യാത്ര സിരകളിൽ സഞ്ചാരിയുടെ ഉന്മാദ ലഹരി പകർന്നുകൊണ്ടിരുന്നു .

4. You are at the Top:

Kolukkumalai Tea estate Entrance
Board near Kolukkumala Gate

ഏതാണ്ട് 4 മണിയായപ്പോൾ കൊളുക്കുമലയുടെ മെയിൻ ഗെയ്റ്റിൽ ഞാൻ എത്തി. ഏതാണ്ട്  1 മണിക്കൂര്‍ എടുത്തു അവിടം വരെ എത്താന്‍.  

കൊളുക്കുമലയുടെ പ്രത്യേകളും മറ്റും  വിവരിച്ചു അവിടെ ഒരു ബോർഡ് വെച്ചിട്ടുണ്ട്. 

Wow, You are at 7130 Feet above Sea Level.

ബൈക്കിനു കുറച്ചു നേരം വിശ്രമം കൊടുത്തിട്ട് അവിടുന്ന് നിന്ന്  കുറച്ചു ഫോട്ടോസ് എടുത്തു.

അസ്‌കർ ഭായിയെ വിളിച്ചു പറഞ്ഞപ്പോൾ ജയശങ്കർ അണ്ണൻ വന്നു ഗേറ്റ് തുറന്നു തന്നു. ചുറ്റും മഞ്ഞു മൂടിയ കാലാവസ്ഥയായിരുന്നു അപ്പോൾ. ഗേറ്റ് കടന്നു കഷ്ഠിച്ചു ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ കൊളുക്കുമല ക്യാമ്പിങ്ങ് (Kolukkumala Camping) സൈററ്റിൽ എത്തി.

Kolukkumalai Camp Site
Kolukkumala camping site

ചെന്നപാടെ അസ്‌കർ ഭായിടെ കണ്ടു ഹായ് പറഞ്ഞു. പിന്നെ പതിയെ വണ്ടിയിൽ നിന്ന് ട്രൈപോഡും ബാഗും അഴിച്ചു ടെന്റ്റിൽ എടുത്തു വെച്ചപൊഴേയ്‌ക്കും ചായ റെഡി എന്ന അറിയിപ്പ് വന്നു.

 ചായ എന്ന് പറഞ്ഞാൽ ഇതാണ് ചായ..! ഉയരം കൂടുംതോറും ചായയ്ക്ക് സ്വാദു കൂടുമെന്നു ലാലേട്ടൻ പറഞ്ഞത് വെറുതെയല്ല.

Kolukkumalai-Organic-Tea
Kolukkumala Tea from Kolukkumalai Tea Estate

ചായ കുടിച്ചു കുറച്ചു നേരം അവിടെ ഇരുന്നതിനു ശേഷം പതിയെ ടി ഫാക്ടറി കാണാനായിട്ടു ഞാന്‍ ഇറങ്ങി. അവിടെനിന്നു കുറച്ചു മാറിയാണ് ടി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 

ക്യാമ്പിംഗ് സൈറ്റിൽ നിന്ന്  ജീപ്പ് പോകുന്ന വഴിയിലൂടെ പോയാൽ കുറെ നടക്കാനുണ്ട്. അവിടെയുള്ള ജോലിക്കാരനായ മഹേഷിന്റെ സഹായത്തോടെ ഒരു കുറുക്കുവഴിയിലൂടെ ഞാൻ ടീ ഫാക്ടറി ലക്ഷ്യമാക്കി നടന്നു. 

ചുറ്റും മഞ്ഞു മൂടി കിടക്കുകയാണ്. പോകുന്ന വഴിയിൽ ഒരു ചേറിയ അമ്പലം ഉണ്ട്. പിന്നെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീടുകളും.

വീട് എന്ന് മൊത്തത്തിൽ പറയാൻ പറ്റുവോ എന്നറിയില്ല. ലയം എന്നാ പേരായിരിക്കും  കുറച്ചൂടെ ഇണങ്ങുന്നത്. നാലു ചുവരും ഭിത്തി കെട്ടി മുകളിൽ ആസ്ബറ്റോസ് ഇട്ടിരിക്കുകയാണ്. 

കുറച്ചു കൂടെ മുന്നോട്ടു നടന്നാൽ ടി ഫാക്ടറി എത്തും. ചുറ്റും മഞ്ഞാണ്, മഞ്ഞിനെ വകഞ്ഞു മാറ്റി ഞാൻ മുന്നോട്ടു നടന്നു.

5. The Factory:

Kolukkumalai tea factory
Kolukkumala Tea Factory – the machines

ഫാക്ടറിയുടെ ഗേറ്റ് ഇന്റെ അടുത്ത് ഒരു ചെറിയ കെട്ടിടമുണ്ട്. അവിടെ കൊളുക്കുമലയുടെ മാത്രം പ്രത്യേകതയായ ഓര്‍ഗാനിക് തേയില പൊടി മേടിക്കാൻ കിട്ടും. 

അവിടെ കണ്ട ജീപ്പുകാരൻ ചേട്ടന്മാരോട് ചെറിയ കുശലാണേഷണം ഒക്കെ നടത്തി ഞാൻ ഫാക്ടറിയിലേക്ക് പ്രവേശിച്ചു. അവിടെ പാസ് എടുകണമോ  എന്ന് അറിഞ്ഞുകൂടാ. ക്യാമ്പിങ്ങിനു വന്നതായതു കൊണ്ട്. പാസിന്റെ കാര്യം ഒന്നും പറഞ്ഞില്ല.

Kolukkumalai Tea Factory inside
Inside the Kolukkumala Tea Estate Factory

1930 ബ്രിട്ടിഷുകാരുറെ കാലത്തു പണിത ഫാക്ടറി ആണത്. സ്റ്റെപ്പുകൾ കേറി ഞാൻ അതിന്റെ രണ്ടാമത്തെ നിലയിലേയ്ക്ക് കേറി. യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം കേൾക്കാം എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. 

ചുറ്റും ചാക്കുകെട്ടുകൾ അടുക്കി വെച്ചിട്ടുണ്ട്. കുറച്ചു നേരം അതിലെ തെക്കു വടക്കു നടന്നിട്ട് ഞാൻ ഏറ്റവും മുകളിലത്തെ നിലവിലേയ്ക്ക് കേറി. അവിടെയാണ് തേയില കൊളുന്തുകള്‍  ഇട്ടിരിക്കുന്ന റോളിങ് മെഷീന്‍ ഉള്ളത് മറ്റൊരു മുറിയിൽ അതിന്റെ മോട്ടോറുകളും .

ചുറ്റും നടന്നു കുറെ ഫോട്ടോസ് എടുത്തിട്ട് ഞാൻ ഏറ്റവും താഴത്തെ നിലയിലേയ്ക്ക് ചെന്നു അവിടെ തേയില പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെ പറ്റി  ചെറു വിവരണം ഒകെ എഴുതിവെച്ചിട്ടുണ്ട്.

 പലതരം തേയില പൊടികളുടെ  ലിസ്റ്റും പിന്നെ കൊളുക്കുമലയുടെ പ്രത്യേകതകൾ വിവരിക്കുന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അവിടെ കണ്ടു ആളോട് അനുവാദം ചോദിച്ചു ഞാൻ താഴത്തെ നിലയിൽ കുറച്ചു നേരം ചിലവഴിച്ചു.

Kolukkumalai Tea Making Process
Kolukkumalai Tea Making Process
Kolukkumalai tea packet
Kolukkumalai Premium Blend Tea Box

അധികം വയ്കാതെ ഫാക്ടറിക്ക് പുറത്തുള്ള ഓഫീസിലേയ്ക്ക് ഞാന്‍ നടന്നു. അവിടെ ഉണ്ടായിരുന്ന കുമാർ എന്ന ചേട്ടനോട് കൊളുക്കുമലയിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. 

പുള്ളി കൊളുക്കുമലൈ ടീ എസ്റ്റേറ്റിന്റെ ചരിതം ഏതാനും വാക്കുകൾ കൊണ്ട് ഉപസംഹരിച്ചു. 1930 തൊട്ടുള്ള  രജിസ്റ്റർ ഒക്കെ എടുത്തു കാണിച്ചു.

വീട്ടിലേയ്ക്കു വേണ്ടി അരകിലോ തേയില പാക്കറ്റ് അവിടുന്ന് വാങ്ങി. ഉത്സവകാലം  പ്രമാണിച്ചു അരകിലോയുടെ തേയില പാക്കറ്റ്നു 300 രൂപയായിരുന്നു വില. 

 പൊതു വിപണിയിൽ 500 രൂപ വിലയുളതാണ് അതിനു. ഒട്ടും വയ്കാതെ കുമാർ ചേട്ടനോട് യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി.

6. Camping Site:

നേരം ഇരുട്ടു തുടങ്ങിയായിരുന്നു. പഴയ കുറുക്കു വഴിയ്ക്ക് തന്നെ പോകാം എന്ന് കരുതി ഞാൻ ആ വഴി തിരിച്ചു. കുറച്ചു നടന്നപ്പോൾ ഒരു കൂട്ടര് അവിടെ നില്പുണ്ടായിരുന്നു, എന്നെ പോലെ ക്യാമ്പിങ്ങിനു വന്നവരാണ്. അവർക്കു വഴി തെറ്റിയിരിക്കുന്നു എന്ന് തോന്നുന്നു. പറഞ്ഞത് പോലെ ഇരുട്ടായതുകൊണ്ടു എനിക്കും വഴി അത്ര നിശ്ചയമൊന്നുമില്ലായിരുന്നു. ഇങ്ങോട്ടു ഇറങ്ങിയപ്പോൾ ഒരു ഇലക്ട്രിക്ക് പോസ്റ്റ് ഞാൻ അടയാളമായി കണ്ടുവെച്ചിട്ടുണ്ടായിരുന്നു. അത് ലക്ഷ്യമാക്കി ഞങ്ങൾ മുകളിലേയ്ക്കു നടന്നു.

ഏതാനും മിനിട്ടുകൾക്കകം ക്യാമ്പിംഗ് സൈറ്റിൽ ഞങ്ങള്‍  തിരിച്ചെത്തി. തണുപ്പ് എന്നുപറഞ്ഞാൽ ആ ജാതി തണുപ്പാണ് അപ്പോള്‍ അവിടെ. സമയം ഏതാണ്ട് 7 മണിയെ ആയിട്ടുള്ളു. ഒരു ചായ കൂടി കുടിച്ചിട്ട് ഞാൻ പതിയെ ടെന്റിലേയ്ക്ക് നുഴഞ്ഞു കേറി.

ആളുകൾ പിന്നെയും വന്നു കൊണ്ടിരുപ്പുണ്ടായിരുന്നു. ചെറുപ്പക്കാരാണ് അധികവും. എങ്ങും ശബ്ദശകലങ്ങൾ മുഴങ്ങികേൾക്കാം. സമയം മെല്ലെ ചലിച്ചുകൊണ്ടിരുന്നു. 8 .30 ആയപ്പോൾ പതിയെ ഫുഡ് കഴിക്കാൻ ഞാൻ ഇറങ്ങി. ചപ്പാത്തിയും കോഴിക്കറിയും, പിന്നെ ചോറും സാമ്പാറും തോരൻ കറിയും അച്ചാറും… വിഭ സമൃഷ്ടമായ സധ്യ.

ഞാൻ ചപ്പാത്തിയും കോഴിക്കറിയും മാത്രമേ കഴിച്ചുള്ളൂ. മുന്നേ വഴിതെറ്റി പരിചയപ്പെട്ട  കൂട്ടൂകാര്‍  എന്റെ കൂടെ കഴിക്കാൻ ഇരുന്നു. കണ്ണൂരുകാരൻ ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ പിന്നെ അവിടെ രാജവേല്‍, എന്ന പക്കാ യാത്ര സ്നേഹിയും. ബാംഗളൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് അവർ. രണ്ടു പേരും മെക്കാനിക്കൽ എൻജിനീയേഴ്‌സ്

അത്യാവശ്യം സഹൃദ സംഭാഷണങ്ങൾക്ക് ശേഷം പതിയെ തല ചായിക്കാം എന്ന വിചാരത്തിൽ നിൽക്കുമ്പോഴാണ് നിറയെ നക്ഷത്രങ്ങൾ നിറഞ്ഞു നില്കുന്നു ആകാശം ശ്രദ്ധിക്കുന്നത്.  പിന്നെ ഒട്ടും അമാന്തിച്ചില്ല, ട്രൈപോഡും എടുത്തു നേരെ വ്യൂ പോയിന്റിലേയ്ക്ക് വിട്ടു, കൂടെ മുന്നേ ഉണ്ണിയും രാജവേലും ഉണ്ട്. ക്യാമ്പിംഗ് സൈറ്റിന്റെ തൊട്ടടുത്താണ് മെയിന്‍  വ്യൂ പോയിന്റ്‌. ശരിക്കും പറഞ്ഞാല്‍ അവിടുത്തെ ഓരോ ഇടവും വ്യൂ പോയിന്റ്‌ ആണ്.

Kolukkumalai Night Stay - Long Exposure Photography
A try on Long Exposure at Kolukkumala

മാന്വൽ ഫോക്കസ്, നൈറ്റ് ഫോട്ടോഗ്രാഫി, ലോങ്ങ് Exposure ഫോട്ടോഗ്രാഫി….  ഫോട്ടോഗ്രാഫിയുടെ വിവിധങ്ങളായ ഭാവങ്ങൾ പരീക്ഷിക്കാനുള്ള അവസരമായിരുന്നു അത്.
നക്ഷത്രങ്ങളുടെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല, പക്ഷെ ലോങ്ങ് exposure , ഒരു വല്യ സംഗതിയാണെന്നു അപ്പോളാണ് മനസിലായായത്‌.

കുറെ നേരം അവിടെ നിന്നതിനു ശേഷം പാതിയെ റെന്റ് അടിച്ചിരുക്കുന്ന സ്ഥലത്തു തിരിച്ചെത്തി. കുറച്ചു നേരം അവിടെ തീ കാഞ്ഞു നിന്നതിനു ശേഷം  ടെന്റ്കളിലെയ്ക്ക് മടങ്ങി. രാവിലെ 5 ആകുമ്പോൾ വ്യൂ പോയിന്റിൽ എത്തണം എന്ന ചിന്തയിൽ  4.30 നു അലാറം വെച്ച് കിടന്നു. തണുപ്പ് ശരീരത്തെ ആകമാനം പുൽകിയെങ്കിലും സ്ലീപ്പിങ് ബാഗിന്റെ ചൂടിൽ എപ്പോഴോ ഞാന്‍ ഉറങ്ങിപോയി.

7. The Sunrise:

Kolukkumalai Sun Rise
Kolukkumalai Sunrise View – Just before sunrise

ഞായര്‍  Dec 24  :

അലാറം അടിക്കുന്നതിനു മുന്നേ എഴുനേറ്റു ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങി, അപ്പോഴേയ്ക്കും ഉണ്ണിയും കൂട്ടരും എഴുന്നേറ്റിരുന്നു. ആകാശത്തു അപ്പോഴും നക്ഷത്രങ്ങള്‍ മിന്നി തിളങ്ങി കൊണ്ടിരുന്നു. പല്ലൊക്കെ തേച്ചു ഒന്ന് ഫ്രഷ് ആകാനുള്ള ശ്രമം വെള്ളത്തിന്റെ അതികഠിനമായ തണുപ്പിൽ ഏശിയില്ല.

ലോങ്ങ് exposure ഇട്ടു റെന്റ് അടിച്ചിരിക്കുന്ന സ്ഥലത്തെ കുറച്ചു ഫോട്ടോസ് എടുത്ത ശേഷം ഞങ്ങള്‍ വ്യൂ പോയിന്റ് യിലേക്ക് നീങ്ങി. സൂര്യനെല്ലിയിലെ നിന്ന് ജീപ്പിനു ആളുകൾ അപ്പോള്‍  എത്തിക്കൊണ്ടിരുന്നു. സ്റ്റേ പാക്കേജുകള്‍ താല്പര്യമില്ലാത്തവർക്കു അതിരാവിലെ സൂര്യനെല്ലിയിലെ നിന്ന് ജീപ്പിനു ഇങ്ങോട്ടേക്കു വരാവുന്നതാണ്.

വ്യൂപോയിന്റ് ഇന്റെ ഒരു കോണിൽ ഞങ്ങൾ അണിനിരന്നു. കാമറ, ട്രൈപോഡ്, ഫോൺ, ഗിമ്പൽ എല്ലാ സാധനങ്ങളും അവിടെ നിരത്തി വെച്ചു. എപോഴാണ് നല്ലൊരു ഷോട്ട് കിട്ടുക എന്ന് പറയാൻ പറ്റില്ല.

കുറെ നേരം കഴിഞ്ഞാണ് സുര്യന്‍ മേഘങ്ങള്‍ക്ക് ഇടയില്‍ നിന്ന് മെല്ലെ ഉദിച്ചുയരുന്നത്. അവര്‍ണനിയമായ കാഴച്ചയാണത്.  മേഘങ്ങള്‍ തീര്‍ത്ത പട്ടു കുപ്പായം അഴിച്ചു വെച്ച്, സുര്യന്‍ ആകാശത്തിലേയ്ക്ക് മെല്ലെ യാത്രയാകുകയാണ്. ഫോട്ടോസ് വീഡിയോസ്  എന്നിവയോക്കെയായി എവിടെ കുറെ നേരം ചിലവഴിച്ചതിനു ശേഷം  ഞങ്ങള്‍ മറ്റൊരു വ്യൂ പോയിന്റ്‌ ആയ സിങ്കപാറ(Singapara)യില്‍  പോയി.

Singapara Kolukkumalai
Singapara , Kolukkumala Hills

ആന്‍ മേരി കലിപിലാണ്  എന്ന  സിനിമയില്‍ ദുല്കര്‍ സൽമാന്റെ എന്‍ട്രി സീന്‍ അവിടെയാണ്  ഷൂട്ട്‌ ചെയ്തതെന്ന് തോന്നുന്നു. സ്ഥലം കണ്ടു നല്ല പരിചയം. അവിടയും  ഫോട്ടോസ് വീഡിയോസ്  എന്നിവയോക്കെയായി കുറെ നേരം ചിലവഴിച്ചു 

Kolukkumala Trekking
Nearby Treks routes of Kolukkumala

സമീപത്തുള്ള  മറ്റു  മലകളിലേയ്ക്ക് ട്രെക്കിങ്ങ് പോകാൻ അവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ, ഓരോയിടത്തും ഓരോ വ്യൂ ആണ്. എല്ലാം ഒന്നിനൊന്നു വെത്യസ്തവുമാണ്. 

സമയക്കുറവുള്ളതു കൊണ്ട് ട്രെക്കിങ്ങ് പിന്നിടൊരിക്കലാകാം എന്ന് വിചാരിച്ചു  ഞങ്ങൾ ക്യാമ്പിംഗ് സൈറ്റില്‍ തിരിച്ചെത്തി.

8. The Return

Kolukkumalai Tea Estate
Kolukkumala Tea Estate

സമയം ഏതാണ്ട് 9 മണി ആയിരുന്നു. പ്രാതല്‍  കഴിക്കാന്‍ നില്‍കാതെ, ബാക്കി ഉള്ളവരോട് ടാറ്റാ പറഞ്ഞിട്ട് ഞാൻ അവിടുന്ന് യാത്ര തിരിച്ചു.

ഇറങ്ങുന്നതിനിടയില്‍ ഇടേയ്‌ക്ക്‌ എതിർദശയിൽ നിന്നു ജീപ്പുകൾ വന്നുകൊണ്ടിരുന്നു. ജീപ്പ് അടുത്ത് എത്തുമ്പോൾ ഞാൻ ബൈക്ക് നിർത്തി കൊടുക്കും. അത് പോയ്ക്കഴിയുമ്പോൾ പതിയെ താഴോട്ട് യാത്ര തുടരും.

കല്ലുകളിൽ നിന്ന് കല്ലുകളിലേക്കുള്ള യാത്ര കടുപ്പമേറിയതായിരുന്നു എന്ന് പറയേണ്ടതിലെല്ലോ. രണ്ടു മൂന്ന് തവണ സൈഡിലുള്ള തേയില കുറ്റിയിൽ തട്ടി bike ചെറുതായിട്ട് പാളിയെങ്കിലും ബാലൻസ് ചെയ്തത് കാരണം വീണില്ല.

അധികം വൈകാതെ ഞാൻ കൊളുക്കുമലയുടെ അടിവാരത്തു എത്തി. കയറിയപ്പോൾ എടുത്തതിനെക്കാൾ 10 മിനിട്ടു കൂടുതൽ എടുത്തു ഇറങ്ങിയപ്പോൾ എന്ന് തോന്നുന്നു.

ഇനിയും ഇവിടെ വരുമെന്ന് മനസ്സിൽ കുറിച്ച് വെച്ചിട്ടു ഞാന്‍ യാത്ര തുടര്‍ന്നു. വീട് അതാണ് മനസ്സിൽ, അതാണ് അടുത്ത ലക്‌ഷ്യവും.

Love Photography & Travel? Sign up for our newsletter and stay updated with the latest articles.

Leave a comment:

Your email address will not be published.

Join The Newsletter

To receive our best bi-weekly travel deals and updates

vector1 vector2